Friday, November 12, 2010

പഴയ ശ്ലോകങ്ങൾ പലതും ഉദാത്തമായ മനുഷ്യസംസ്കൃതിയുടെ വിളനിലങ്ങളാണ്‌.മനുഷ്യമനസ്സിനെ സംസ്ക്കരിക്കാനും പ്രബുദ്ധമാക്കാനും ശരിയായ ദിശയിലേക്ക്‌ നയിക്കാനും ഉപദേശിക്കാനും എല്ലാമുള്ള കഴിവ്‌ പ്രസ്തുത ശ്ലോകങ്ങൾക്കുണ്ട്‌. അത്തരം ചില വരികളിലേക്ക്‌ വായനക്കാരുടെ ശ്രദ്ധയെ ക്ഷണിക്കട്ടെ.

"കേയൂരാണി ന ഭൂഷയന്തിപുരുഷം
ഹാരാ ന ചന്ദ്രോജ്ജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം
നാലംകൃതാമൂർദ്ധജാഃ
വാണ്യേകാ സമലംകരോതി പുരുഷം
യാ സംസ്കൃതാധാര്യതേ
ക്ഷീയന്തേഖിലഭൂഷണാനി സതത്തം
വാഗ്‌ഭൂഷണം ഭൂഷണം"

തോൾവളകൾ ഒരുവനെ അലങ്കരിക്കുന്നില്ല. ചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന മുത്തുമാലകളും കുളിയും കുറിയും പുഷ്പ്പവും അലങ്കരിക്കപ്പെട്ട മുടിയും ഒരുവനെ അലങ്കരിക്കുന്നില്ല. എന്നാൽ സംസ്ക്കാരസമ്പന്നമായിട്ടുള്ള വാക്കൊന്നു മാത്രമേ ഒരുവനെ അലങ്കരിക്കുന്നുള്ളു. ബാഹ്യാലങ്കാരങ്ങളെല്ലാം നശിക്കുന്നവയും. വാക്കാകുന്ന അലങ്കാരമാണ്‌ എപ്പോഴും യഥാർത്ഥ അലങ്കാരമാകുന്നത്‌ എന്നുമാണ്‌ ഭർത്തൃഹരിയുടെ ഈ ശ്ലോകങ്ങൾ അർത്ഥമാക്കുന്നത്‌.

മനുഷ്യന്റെ സാംസ്ക്കാരികമായ ഔന്നത്യത്തിന്റേയും മഹത്വത്തിന്റേയും മാനദണ്ഡമാണ്‌ വാക്കുകൽ. വാക്കുകളുടെ അനന്തമായ സാധ്യതകളേയും പ്രയോജനങ്ങളേയും ശക്തിയേയും കുറിച്ച്‌ നാം പലപ്പോഴും ബോധവാന്മാരാകാറില്ല. ഒരു ദിവസം ഒരാൾ ഉപയോഗിക്കുന്ന വാക്കുകളുടെ എണ്ണവും അതിനു വേണ്ടി ചിലവഴിക്കുന്ന ഊർജ്ജവും എത്രയാണെന്ന്‌ ആരും ചിന്തിക്കാറില്ല.

ആശയവിനിമയത്തിന്‌ മനുഷ്യന്‌ ലഭിച്ച ഏറ്റവും വലിയ സിദ്ധിയും അനുഗ്രഹവുമാണ്‌ സംഭാഷണശേഷി. ഈ ശേഷിയുടെ വിനിയോഗം ഔചിത്യപൂർവ്വ്വകമല്ലെങ്കിൽ ഉണ്ടാകാവുന്ന ദോഷങ്ങൾ കുറചൊന്നുമല്ല. വാക്കുതർക്കങ്ങളും വിതണ്ഡാവാദങ്ങളും പരിഹാസവാക്കുകളും ഉളവാക്കുന്ന ദോഷഫലങ്ങളും നമുക്കറിയാമല്ലോ. ലോകത്തുണ്ടാകുന്ന സംഘർഷങ്ങളിൽ പലതും അനുചിതവും ബുദ്ധിപൂർവ്വ്വകവുമല്ലാത്തതുമായ വാക്കുകൾ പ്രയോഗിക്കുന്നതിന്റെ ഫലമാകുന്നു.നിശിതവും ക്രൂരവുമായ വാക്കുകൾ ആരിലും മടുപ്പുളവാക്കും. സഭ്യേതരവും. സംസ്ക്കാരശൂന്യവുമായ പദങ്ങൾ പറയുകയും കേൾക്കുകയും ചെയ്യുന്ന വ്യക്തികളുടെ വിവേകവും ക്ഷമയും നശിക്കുകയും വികാരത്തിന്‌ അടിപ്പെടുകയും ചെയ്യുക സ്വാഭാവികമാണ്‌. ഇതിന്റെ ഫലം സംഘട്ടനമോ നാശമോ ആകാം. വ്യക്തികളിൽ നിന്നു തുടങ്ങുന്ന ഇത്തരം ദുഷ്‌പ്രവണതകൾ ഒരു സമൂഹത്തിന്റെ തന്നെ സ്വസ്ഥതയെ നശിപ്പിക്കുവാൻ പര്യാപ്തമാകുന്നു. ഈ ദുരന്തം മുന്നിൽ കണ്ടുകൊണ്ടാണ്‌ കുഞ്ചൻ നമ്പ്യാർ ഇങ്ങിനെ എഴുതിയത്‌

"അമ്പുകൊണ്ടുള്ള വ്രണം കാലത്താൽ നികന്നീടും
കൊമ്പുകൾ കണ്ടിച്ചാലും പാദപം കിളിർത്തീടും
കാട്ടുതീ വെന്താൽ വനം പിന്നെയും തളിർത്തീടും
കേടു കൂടാത്ത വാക്കാമായുധം പ്രയോഗിച്ചാൽ
കർണ്ണങ്ങൾക്കകം പുക്കു പുണ്ണായാലതുപിന്നെ
പൂർണ്ണമായ്‌ ശമിക്കില്ലൊട്ടുനാൾ ചെന്നാൽ പോലും"

എന്നു സമൂഹത്തെ ഉദ്‌ബോധിപ്പിച്ചതു.


ഒരു വയക്തിയും തന്റെ ബാഹ്യമോടികൾ കൊണ്ട്‌ മാത്രം സമൂഹത്തിൽ മാന്യനായിത്തീരുന്നില്ല..കാരണം അലങ്കാരങ്ങളും പുറമ്പൂച്ചുകളും നശിച്ചു പോകും. നല്ല വാക്കുകൾ നിത്യവും യഥാർത്ഥവുമാകുന്നു. ദേശകാലസീമകൾക്ക്‌ അതീതമായ നിലനിൽപ്പ്‌ സൂക്ഷ്മമായി ഉപയോഗിക്കുന്ന വാക്കുകൾക്കുണ്ട്‌. സംസ്ക്കാരസമ്പന്നവും ഉചിതവുമായ വാക്കുകൾ അന്യരുടെ ക്ലേശങ്ങളെ ലഘൂകരിക്കാണോ ഇല്ലാതാക്കാണോ സഹായിക്കും .അതുപോലെ മനുഷ്യനെ പ്രബുദ്ധനും ധർമ്മചാരിയുമാക്കാനും സാധിക്കും. വാക്കുകൾ ഒരേ സമയം അഗ്നിയും, അമൃതവുമാകുന്നു. അതിന്റെ മിതവ്യയമാണ്‌ നാം ശീലിക്കേണ്ടത്‌. "മൗനം വിദ്വാനു ഭൂഷണം" എന്ന ആപ്തവാക്യം വാക്കുകളുടെ മിതവ്യയത്തെ ലക്ഷീകരിക്കുന്നു. സംസ്ക്കാരപൂർണ്ണമായ വാക്കുകളുടെ ഉപയോഗം ജീവിതത്തിന്‌ നിത്യമായ സൗന്ദര്യവും ആർജ്ജവവും കർമ്മവ്യഗ്രതയും നേടിക്കൊടുക്കുന്നു.

No comments:

Post a Comment