Tuesday, January 4, 2011

പുതിയ പ്രഭാതത്തെ വരവേൽക്കാം

പലവിധ സംഭവപരമ്പരകളുടെ തേർവ്വാഴ്ച്ചകൾക്കു ശേഷം ഓരോ വർഷവും നമ്മോടു യാത്ര പറഞ്ഞുപോകുമ്പോൾ പ്രത്യാശയുടെ ചിറകിലേറി പുതു വർഷങ്ങൾ രംഗപ്രവേശം നടത്തുന്നു. ജീവിതത്തിന്റെ അനന്തമായ പ്രയാണം പോലെ. പുതിയ സൂര്യൻ ഉദിച്ചുയരുന്നതുപോലെ പുത്തൻ പ്രകാശകിരണങ്ങൾ മനുഷ്യമനസ്സുകളിലും പുതിയ തേരൊലികൾക്കു നാന്ദി കുറിക്കുന്നു.


ലോകത്തിലെ സമസ്തജീവജാലങ്ങൾക്കും ക്ഷേമവും സൗഖ്യവും നമുക്കൊന്നുചേർന്നു നേരാം. ഭരണാധിപന്മാർ ജനങ്ങളെ ഭരിക്കേണ്ടതെങ്ങിനെയെന്ന പഴയൊരു സൂക്തിയുണ്ട്‌. ഈ കാലഘട്ടത്തിലും പ്രസക്തമാർന്ന വരികൾ


"സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാർഗ്ഗേണ മഹീം മഹീശാ
ഗോ ബ്രാഹ്മണേഭ്യ്‌ഃ ശുഭമസ്തു നിത്യം
ലോകാസ്സമസ്താഃ സുഖിനോ ഭവന്തു"


ഇതിലെ ആദ്യത്തെ വരികൾ എല്ലാ പ്രജകൾക്കും മംഗളം നേരുന്നു. പിന്നീട്‌ രാജാക്കന്മാർ ശരിയായ നീതിബോധത്തോടെ ഭൂമിയെ പരിപാലിക്കട്ടെയെന്നാശംസിക്കുന്നു. മൂന്നാം പാദത്തിൽ എല്ലാ പ്രാണിവർഗ്ഗങ്ങൾക്കും , നല്ല മനുഷ്യർക്കും നന്മ നേരുന്നു. ഇവിടെ "ഗോ"ശബ്ദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌ സകല പ്രാണിവർഗ്ഗങ്ങളേയുമാണ്‌. അതുപോലെത്തന്നെ"ബ്രാഹ്മണ" ശബ്ദം കൊണ്ട്‌ അർത്ഥമാക്കുന്നത്‌ എല്ലാ നല്ല മനുഷ്യരേയുമാണ്‌. നല്ലതും ചീത്തയും പ്രകൃതിയുടെ സ്വഭാവമാണല്ലോ. അതിൽ മനസ്സിൽ നന്മയുള്ളവർക്കാണ്‌ ക്ഷേമവും ഐശ്വര്യവും ഉണ്ടാകുക എന്ന്‌ പറയപ്പെടുന്നു, പക്ഷേ, ദുഷ്ടനെ പന പോലെ വളർത്തുമെന്ന നാട്ടുചൊല്ലും മറക്കാവുന്നതല്ല,.അതു താത്കാലികമാണെന്നു മാത്രം. ജീവിതം സുഗമമായ പാത നിറഞ്ഞതുമാത്രമല്ലല്ലോ. അതു ദുർഘടവും ദുഃഖപൂർണ്ണവുമാണ്‌. അതിനെയെല്ലാം മനോധൈര്യത്തോടെ തരണം ചെയ്യുമ്പോൾ നന്മയുടെ പ്രകാശവഴികൾ നമുക്കു കാണാറാകുന്നു. അതോടൊപ്പം മനുഷ്യമനസ്സും വിമലീകരിക്കപ്പെടുന്നു. "ബ്രാഹ്മണൻ" ബ്രാഹ്മണ്യമുള്ളവൻ എന്ന വാച്യാർത്ഥത്തിലല്ല വിവക്ഷിക്കപ്പെടേണ്ടത്‌. ബ്രഹ്മജ്ഞാനം അഥവാ ലോകജ്ഞാനമുള്ളവൻ എന്ന മനസ്സിന്റെ ഉദാത്തത്തയാണ്‌ കൽപ്പിക്കപ്പെടുന്നത്‌. "ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം" എന്ന ബൈബിൾ വാക്യവും ഇവിടെ ശ്രദ്ധേയമാണ്‌. എത്ര വിശാലമായ ഒരു കാഴ്ച്ചപ്പാടാണിത്‌. ജനങ്ങൾക്കു വേണ്ടി ജനാധിപത്യപരമായിരിക്കണം ഭരണകൂടത്തിന്റെ കർമ്മപാതകൾ. ജാതി മത വർഗ്ഗഭേദങ്ങൾക്കത്തീതമായി കാണാൻ കഴിയുന്ന കണ്ണുകളുണ്ടാവുകയെന്നത്‌ എത്ര ശ്രേഷ്ഠതമം. ഇന്ന്‌ എല്ലാവരും ഒന്നെന്ന്‌ അഭിനയിച്ചുകാണിക്കുകയും പരോക്ഷമായി വിഭാഗീയ ചിന്തകൾ വെച്ചു പുലർത്തുകയുമാണ്‌` ചെയ്യുന്നത്‌.അതുകൊണ്ടു തന്നെ കലുഷഭരിതമായ അവസ്ഥകളേറുന്നു.സ്വന്തം സുഖസൗകര്യങ്ങളെ ത്യജിച്ച്‌ അന്യർക്കുവേണ്ടി കഷ്ടപ്പെടുന്ന മഹാന്മാർ ഉണ്ടായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. "ത്യാഗമെന്നതേ നേട്ടം: എന്ന്‌ മഹാത്മജിയെപ്പറ്റി വർണ്ണിക്കുന്ന വള്ളത്തോൾക്കവിത ഇവിടെ സ്മരണീയം. ഈയൊരു മനോഭാവം ഇന്നു അപൂർവ്വമായിരിക്കുന്നു. സത്യധർമ്മങ്ങളും ആദർശങ്ങളും വെറും അധരോപാസനയായി ,സ്വാർത്ഥതയും, അധികാരമോഹവും, ധനാർത്തിയും, ദുർവ്വാസനകളുമാണ്‌` ഇന്നു മനുഷ്യരെ കീഴടക്കിയിരിക്കുന്നത്‌. ഈ ദുർമേദസ്സുകളെയെല്ലാം ഉന്മൂലനം ചെയ്ത്‌ നന്മയുടേയും, സഹവർത്തിത്വത്തിന്റേയും, ശാന്തിയുടേയും ചിന്തകൾ ഉതിരുന്ന പുതിയ പ്രഭാതത്തെ നമുക്കു വരവേൽക്കാം...................!

No comments:

Post a Comment