Tuesday, February 8, 2011

തിളച്ചു വേവേണ്ടവർ മാത്രമല്ല സ്ത്രീകൾ

സാമൂഹ്യവിപ്ലവത്തിന്‌ സ്ത്രീശക്തി അനിവാര്യമാണ്‌. പ്രതിഭയുള്ളവരെ തമസ്ക്കരിച്ചു നിർത്തുകയെന്നത്‌ സമൂഹത്തിന്റെ സ്വഭാവമാണ്‌`. പ്രത്യേകിച്ച്‌` അതൊരു സ്ത്രീയാണെങ്കിൽ. 33ശതമാനം സംവരണം എർപ്പെടുത്തിയിട്ടും അതിൽ കാൽ ഭാഗം പോലും സ്ത്രീകൾ മുഖ്യധാരയിലേക്കു കടന്നു വരുവാൻ മടിക്കുനുയെന്നതാണ്‌` സത്യം. ഒരു വിഭാഗം സ്ത്രീകൾ, ദൃശ്യമാധ്യമങ്ങളുടെ തരളമായ സഭവപരമ്പരകളിലേക്ക്‌ അവരുടെ മനസ്സും കണ്ണും പൂഴ്ത്തിവെച്ചിരിക്കുന്നു. മറുവശത്ത്‌ പല സ്ത്രീകളും അനുഭവിക്കുന്ന ദുരിതങ്ങൾ സ്ത്രീകൾ തന്നെ വേണ്ടതു പോലെ മനസ്സിലാക്കുന്നില്ല. ഇങ്ങിനെ നമുക്കു മുന്നിൽ വൈചിത്ര്യത്തിന്റെ എത്രയെത്ര ലോകങ്ങൾ.


അനുദിനം ശിഥിലമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ മദ്ധ്യത്തിലാണ്‌` നാമെല്ലാം. സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടെ കോളത്തിലേക്ക്‌ കേരളത്തിലെ ട്രെയിൻ യാത്രക്കിടെ മാനഭംഗത്തിന്നിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയെന്ന പെൺകിടാവിന്റെ കഥ ചുവന്ന ലിപികളാൽ ഈ വനിതാദിനത്തിൽ കുറിക്കപ്പെടുന്നു.ഏറെ കാലമായി സ്ത്രീകൾക്കു സ്വാതന്ത്ര്യവും, സുരക്ഷിതത്വവും നേടിയെടുക്കുന്നുയെന്നു പറയുന്നത്‌ വിഫലവും, വ്യർത്ഥവും. സമൂഹത്തിൽ ഏതു സുരക്ഷിതത്വബോധത്തിലാണ്‌ പെൺകുട്ടികൾ ജീവിക്കേണ്ടത്‌? അകത്തും, പുറത്തും ഒരുപോലെ അവൾ പീഡിപ്പിക്കപ്പെടുന്നു. അവസരമൊത്തുവന്നാൽ അമ്മയെന്നോ, പെങ്ങളെന്നോ, മകളെന്നോ ഭേദമില്ലാതെ. .......ഈ കാട്ടാളത്തം സമൂഹത്തെയാകമാനം ഗ്രസിച്ചിരിക്കുന്നു. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെയോർത്ത്‌ ഭീതിദമായ ആശങ്കയിലാണ്‌. സൗമ്യയുടെ കാര്യത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്നു പറയുന്നത്‌ തികച്ചും അപലപനീയം. സുരക്ഷാനടപടികൾ പ്രവർത്തന ക്ഷമമായിരുന്നെങ്കിൽ ഈ ക്രൂരകൃത്യം നടക്കുമായിരുന്നോ? മാത്രമല്ല, ട്രെയിൻ ചങ്ങല വലിക്കേണ്ടതില്ലെന്നു പറഞ്ഞ ആ വ്യക്തിക്ക്‌ അമ്മപെങ്ങന്മാരുള്ളവരല്ലേ?കേവല മനുഷ്യത്വമെങ്കിലും അവിടെ കാണിക്കേണ്ടതല്ലേ?എത്ര ലക്ഷങ്ങൾ വാഗ്ദാനം ചെയ്താലും പെറ്റമ്മയുടെ ഈറ്റുനോവിന്റെ കടച്ചിൽ ശമിക്കുമോ? ആ അമ്മയോട്‌` ആരുത്തരം പറയും? എനിയെങ്കിലും മറ്റൊരു പെൺകുട്ടിയും ബലിയാടാകാതിരിക്കുവാൻ അധികൃതരുടെ ഭാഗത്തു നിന്നും ശക്തമായ നിലപാടുകൾ ഉണ്ടാവണം. ഇത്തരം മാരകകൃത്യങ്ങൾ നടത്തുന്നവർക്കു നേരെ കഠിനമായ ശിക്ഷാവിധികളും നീതിന്യായപീഠത്തിൽ നിന്നുമുണ്ടാകട്ടെ.കുറ്റവാളികൾ രക്ഷപ്പെടരുത്‌. എത്രയൊക്കെയായിട്ടും സ്ത്രീയിപ്പോഴും അസ്വതന്ത്രയും അരക്ഷിതയും ആണെന്നു നമ്മൾ മനസ്സിലാക്കുന്നു.

സത്യത്തിൽ അടിച്ചമർത്തപ്പെടുമ്പോൾ വേണ്ടിവന്നാൽ നിലവിലുള്ള എല്ലാ നിയമവ്യവസ്ഥകളേയും അനായാസം ലംഘിക്കുവാനും സ്വാതന്ത്ര്യത്തിലേക്കോ മരണത്തിലേക്കോ പോകാനോ സ്ത്രീക്കു മടിയില്ല. .വേണ്ടിവന്നാൽ ഒരു സ്വത്വത്ത രൂപപ്പെടുത്താനുള്ള ചോദനയും അവൾക്കുണ്ട്‌. പക്ഷേ പലപ്പോഴും അവൾ നിശ്ശബ്ദയാക്കപ്പെടുന്നു. കനത്തവില സ്ത്രീധനമായി നൽകിയാലും പുരുഷൻ വരുമാനസ്രോതസ്സായിരിക്കുമ്പോൾ പുരുഷന്റെ സംരക്ഷണത്തിലേ സ്ത്രീക്കു കഴിയാനാകൂയെന്ന സാമൂഹ്യബോധങ്ങൾ അവളെ നിരന്തരം വേട്ടയാടുന്നു. നിലനിൽപ്പിന്റെ ഭാഗമാകുമ്പോൾ അവൾ സ്വയമേ വിധേയയാകുന്നു. വർത്തമാനകാലങ്ങളിൽ വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം ഗണ്യമായ തോതിൽ വർദ്ധിക്കുന്നു. ഇത്തരക്കാരുടെ പുനരധിവാസം പലപ്പോഴും പെൺകുട്ടിയുടെ വൃദ്ധരായ മാതാപിതാക്കളിൽ ചെന്നുചേരും. പുനർവ്വിവാഹം നടന്നില്ലെങ്കിൽ കുടുംബത്തിൽ രണ്ടാംതരം അംഗമായി കാലക്രമത്തിൽ മറ്റുള്ളവർക്ക്‌ ഒരു ഭാരമെന്ന നിലയിൽ കഴിഞ്ഞുകൂടേണ്ടി വരുന്നു. തിരിച്ചു ചെല്ലാൻ ഇടമില്ലാതാവുമ്പോൾ എല്ലാ അർത്ഥത്തിലും അവൾ തെരുവിലിറക്കപ്പെടുന്നു. സാമൂഹികമോ, സദാചാരപരമോ ,നൈതികമോ ആയ യാതൊരു സുരക്ഷിതത്വവും സംരക്ഷണവും പിന്നെ അവൾക്കില്ല. ഒരു നിധി പോലെ കൈമാറ്റം ചെയ്യപ്പെടുന്ന വസ്തു എടുക്കാചരക്കായി തെരുവിലെത്തുന്നത്‌ എങ്ങിനെയൊക്കെ ന്യായീകരിക്കപ്പെടും നമ്മുടെ സമൂഹത്തിൽ?കുഞ്ഞുങ്ങളുടെ സാമീപ്യവും ഭാവിയും കരുതി ഭർത്തൃപീഡനങ്ങൾ സഹിച്ച്‌ എത്രയോ സ്ത്രീകൾ ജീവിക്കുന്നു. ഉപേക്ഷിക്കപ്പെട്ട എത്രയോ അമ്മമാർ കുഞ്ഞുങ്ങളെ നഷ്ടമാകുമോ എന്നു ഭയന്ന്‌ കോടതിയെ സമീപിക്കാതെ ഉള്ളുരുകിക്കഴിയുന്നു. ഇങ്ങിനെ വിഭിന്ന ജീവിതത്തിലൂടെ കടന്നുപോകുന്ന എത്രയെത്ര സ്ത്രീകൾ നമുക്കു മുന്നിൽ കിടന്നു നരകിക്കുന്നു. ഈയവസരത്തിൽ സ്ത്രീ തന്നെ മുന്നോടു കടന്നുവരേണ്ടിയിരിക്‌കുന്നു. അകത്തളങ്ങളിൽ കിടന്നു തിളക്കുക മാത്രമല്ല , അവളുടെ സ്വത്വം അടിച്ചമർത്തുന്ന സമൂഹത്തിൽ നിന്നും ഉണർന്ന്‌ സ്വത്വാധിഷ്ഠിതമൂല്യങ്ങൾ തനിക്കുമുണ്ടെന്നു കാണിച്ചുകൊടുക്കണം. സ്വത്വബോധമുള്ളവർ പരസ്യമായ നിലപാടുകളെടുത്തിട്ടുണ്ട്‌. അവൾ അടിച്ചമർത്തപ്പെടുന്നവരുടെ "നാവാ"യി സ്വയം പര്യാപ്തത നേടിയെടുക്കുന്നു. മുഴുവൻ സമയവും സ്ത്രീത്വത്തിൽ മുങ്ങിയല്ല ഓരോ സ്ത്രീയും ജീവിക്കുന്നത്‌. അതിവൈകാരികതയുടെ അഗ്നിപർവ്വതങ്ങൾ അവളുടെ മനസ്സിലെരിയുന്നുണ്ട്‌. കർമ്മശേഷിയെ ഉണർത്തി ധീരമായ കാൽവെയ്പ്പിലൂടെ സാമൂഹ്യവിപ്ലവത്തിനുള്ള ശക്തിയാർജ്ജിക്കുവാൻ ഓരോ സ്ത്രീയും തയ്യാറായി മുന്നോട്ടു വരട്ടെ.

Tuesday, January 4, 2011

പുതിയ പ്രഭാതത്തെ വരവേൽക്കാം

പലവിധ സംഭവപരമ്പരകളുടെ തേർവ്വാഴ്ച്ചകൾക്കു ശേഷം ഓരോ വർഷവും നമ്മോടു യാത്ര പറഞ്ഞുപോകുമ്പോൾ പ്രത്യാശയുടെ ചിറകിലേറി പുതു വർഷങ്ങൾ രംഗപ്രവേശം നടത്തുന്നു. ജീവിതത്തിന്റെ അനന്തമായ പ്രയാണം പോലെ. പുതിയ സൂര്യൻ ഉദിച്ചുയരുന്നതുപോലെ പുത്തൻ പ്രകാശകിരണങ്ങൾ മനുഷ്യമനസ്സുകളിലും പുതിയ തേരൊലികൾക്കു നാന്ദി കുറിക്കുന്നു.


ലോകത്തിലെ സമസ്തജീവജാലങ്ങൾക്കും ക്ഷേമവും സൗഖ്യവും നമുക്കൊന്നുചേർന്നു നേരാം. ഭരണാധിപന്മാർ ജനങ്ങളെ ഭരിക്കേണ്ടതെങ്ങിനെയെന്ന പഴയൊരു സൂക്തിയുണ്ട്‌. ഈ കാലഘട്ടത്തിലും പ്രസക്തമാർന്ന വരികൾ


"സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായേന മാർഗ്ഗേണ മഹീം മഹീശാ
ഗോ ബ്രാഹ്മണേഭ്യ്‌ഃ ശുഭമസ്തു നിത്യം
ലോകാസ്സമസ്താഃ സുഖിനോ ഭവന്തു"


ഇതിലെ ആദ്യത്തെ വരികൾ എല്ലാ പ്രജകൾക്കും മംഗളം നേരുന്നു. പിന്നീട്‌ രാജാക്കന്മാർ ശരിയായ നീതിബോധത്തോടെ ഭൂമിയെ പരിപാലിക്കട്ടെയെന്നാശംസിക്കുന്നു. മൂന്നാം പാദത്തിൽ എല്ലാ പ്രാണിവർഗ്ഗങ്ങൾക്കും , നല്ല മനുഷ്യർക്കും നന്മ നേരുന്നു. ഇവിടെ "ഗോ"ശബ്ദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌ സകല പ്രാണിവർഗ്ഗങ്ങളേയുമാണ്‌. അതുപോലെത്തന്നെ"ബ്രാഹ്മണ" ശബ്ദം കൊണ്ട്‌ അർത്ഥമാക്കുന്നത്‌ എല്ലാ നല്ല മനുഷ്യരേയുമാണ്‌. നല്ലതും ചീത്തയും പ്രകൃതിയുടെ സ്വഭാവമാണല്ലോ. അതിൽ മനസ്സിൽ നന്മയുള്ളവർക്കാണ്‌ ക്ഷേമവും ഐശ്വര്യവും ഉണ്ടാകുക എന്ന്‌ പറയപ്പെടുന്നു, പക്ഷേ, ദുഷ്ടനെ പന പോലെ വളർത്തുമെന്ന നാട്ടുചൊല്ലും മറക്കാവുന്നതല്ല,.അതു താത്കാലികമാണെന്നു മാത്രം. ജീവിതം സുഗമമായ പാത നിറഞ്ഞതുമാത്രമല്ലല്ലോ. അതു ദുർഘടവും ദുഃഖപൂർണ്ണവുമാണ്‌. അതിനെയെല്ലാം മനോധൈര്യത്തോടെ തരണം ചെയ്യുമ്പോൾ നന്മയുടെ പ്രകാശവഴികൾ നമുക്കു കാണാറാകുന്നു. അതോടൊപ്പം മനുഷ്യമനസ്സും വിമലീകരിക്കപ്പെടുന്നു. "ബ്രാഹ്മണൻ" ബ്രാഹ്മണ്യമുള്ളവൻ എന്ന വാച്യാർത്ഥത്തിലല്ല വിവക്ഷിക്കപ്പെടേണ്ടത്‌. ബ്രഹ്മജ്ഞാനം അഥവാ ലോകജ്ഞാനമുള്ളവൻ എന്ന മനസ്സിന്റെ ഉദാത്തത്തയാണ്‌ കൽപ്പിക്കപ്പെടുന്നത്‌. "ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം" എന്ന ബൈബിൾ വാക്യവും ഇവിടെ ശ്രദ്ധേയമാണ്‌. എത്ര വിശാലമായ ഒരു കാഴ്ച്ചപ്പാടാണിത്‌. ജനങ്ങൾക്കു വേണ്ടി ജനാധിപത്യപരമായിരിക്കണം ഭരണകൂടത്തിന്റെ കർമ്മപാതകൾ. ജാതി മത വർഗ്ഗഭേദങ്ങൾക്കത്തീതമായി കാണാൻ കഴിയുന്ന കണ്ണുകളുണ്ടാവുകയെന്നത്‌ എത്ര ശ്രേഷ്ഠതമം. ഇന്ന്‌ എല്ലാവരും ഒന്നെന്ന്‌ അഭിനയിച്ചുകാണിക്കുകയും പരോക്ഷമായി വിഭാഗീയ ചിന്തകൾ വെച്ചു പുലർത്തുകയുമാണ്‌` ചെയ്യുന്നത്‌.അതുകൊണ്ടു തന്നെ കലുഷഭരിതമായ അവസ്ഥകളേറുന്നു.സ്വന്തം സുഖസൗകര്യങ്ങളെ ത്യജിച്ച്‌ അന്യർക്കുവേണ്ടി കഷ്ടപ്പെടുന്ന മഹാന്മാർ ഉണ്ടായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. "ത്യാഗമെന്നതേ നേട്ടം: എന്ന്‌ മഹാത്മജിയെപ്പറ്റി വർണ്ണിക്കുന്ന വള്ളത്തോൾക്കവിത ഇവിടെ സ്മരണീയം. ഈയൊരു മനോഭാവം ഇന്നു അപൂർവ്വമായിരിക്കുന്നു. സത്യധർമ്മങ്ങളും ആദർശങ്ങളും വെറും അധരോപാസനയായി ,സ്വാർത്ഥതയും, അധികാരമോഹവും, ധനാർത്തിയും, ദുർവ്വാസനകളുമാണ്‌` ഇന്നു മനുഷ്യരെ കീഴടക്കിയിരിക്കുന്നത്‌. ഈ ദുർമേദസ്സുകളെയെല്ലാം ഉന്മൂലനം ചെയ്ത്‌ നന്മയുടേയും, സഹവർത്തിത്വത്തിന്റേയും, ശാന്തിയുടേയും ചിന്തകൾ ഉതിരുന്ന പുതിയ പ്രഭാതത്തെ നമുക്കു വരവേൽക്കാം...................!