Friday, November 12, 2010

ബുധദർശനം-

"സംഹതി ശ്രേയസീപുംസാം
സ്വകുലൈരൽപകൈരപി
തുഷേണാപി പരിത്യക്താ
നപ്രരോഹന്തി തണ്ഡുലാ"


കുടുംബാംഗങ്ങൾ എത്ര നിസ്സാരന്മാരായാലും അവരുമായി ഐക്യത്തോടെ ജീവിക്കണം എന്നണ്‌ ഈ ശ്ലോകത്തിലൂടെ വ്യഞ്ജിപ്പിക്കുന്നത്‌. അതാണ്‌` ശ്രേയസ്ക്കരവും. ഉമി നിസ്സാരമായാലും അതു നീക്കിക്കളഞ്ഞാൽ പിന്നെ അരി മുളക്കാറില്ലല്ലോ. ബീജശക്തി അടങ്ങിയിരിക്കുന്നതും ബീജത്തെ സംരക്ഷിക്കുന്നതിനുള്ള കവചിതശക്തി അടങ്ങിയിരിക്കുന്നതും ഉമിയിലാണ്‌. അതുകൊണ്ടാണല്ലോ ഉമി കളഞ്ഞാൽ അരിക്ക്‌ മുളക്കാനുള്ള ശക്തി നഷ്ടപ്പെടുന്നത്‌. ഇന്നത്തെ സഹചര്യത്തിൽ എത്ര അർത്ഥപൂർണ്ണമായ ആശയമാണിത്‌.



ഐക്യം മുമ്പെന്നത്തേക്കാളും ആവശ്യമായിരിക്കുന്നു ഇക്കാലത്ത്‌. അതിന്റെ ദയനീയമായ തകർച്ചയാണ്‌ എങ്ങും കാണപ്പെടുന്നത്‌. ജനങ്ങളിൽ ഐക്യം കെട്ടിപ്പടുക്കേണ്ട ഉപാധികൾ പോലും ഇന്ന്‌ അതിനെ തകർക്കാനുള്ള ഉപകരണങ്ങളാണ്‌. ജാതി, മതം ,വർഗ്ഗം .ഭാഷ, രാഷ്ട്രീയ സിദ്ധാന്തങ്ങൾ ഇവയെല്ലാം തന്നെ മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്നതിനു പകരം തമ്മിലടിപ്പിക്കുന്ന സഹതാപാർഹമായ കാഴ്ച്ചയാണ്‌ നാം കാണുന്നത്‌. മതങ്ങൾ മനുഷ്യരെ അടുപ്പിക്കുന്നതിനുള്ള ശക്തമായ ഉപാധിയാണ്‌. ശരിയായ മതാവബോധമുള്ള ഒരാൾക്ക്‌ അന്യമതദ്വേഷമുണ്ടാവുകയില്ല. ഇതുപോലെ ജനഹൃദയങ്ങളെ ഒരേ ചരടിൽ കോർത്തിണക്കുന്നവയാണ്‌ ഭാഷാസാഹിത്യങ്ങൾ. സമുദായത്തിന്റെ സർവ്വ്വതോമുഖമായ ഉൽക്കർഷത്തിനു വേണ്ടി സദാ അദ്ധ്വാനിക്കുന്നു എന്ന്‌ അഭിമാനിക്കുന്നവരാണ്‌ രാഷ്ട്രീയക്കാർ. രാഷ്ട്രീയം സമുദായത്തിന്റെ പുരോഗതിക്ക്‌ ആവശ്യമാണെന്ന കാര്യത്തിൽ പക്ഷാന്തരമില്ല. .എന്നാൽ ഇന്നു കാണപ്പെടുന്നത്‌ മതബോധമോ രാഷ്ട്രീയവിവേകമോ അല്ല. മറിച്ച്‌ ഇവയുടേയൊക്കെ ഭ്രാന്താണ്‌. ."ഭ്രാന്താലയം" എന്ന സ്വാമിജിയുടെ വിശേഷണത്തിന്റെ പൊരുൾ എത്ര ദൂരവ്യാപകമായിരിക്കുന്നു. ഇതുപോലെ സങ്കുചിതമായ പ്രാദേശിക മനോഭാവവും രാജ്യത്തിന്റെ പുരോഗതിക്ക്‌ വലിയൊരു വിലങ്ങുതടിയായിത്തീർന്നിട്ടുണ്ട്‌. ഇന്ത്യയെ ഒന്നായി കാണേണ്ട കണ്ണുകൾക്ക്‌ തിമിരം ബാധിച്ചിരിക്കുന്നു. ഇതിനു മാറ്റം വരണമെങ്കിൽ ഒരു വഴിയേ സ്വീകാര്യമായിട്ടുള്ളു. മനുഷ്യനിൽ ഭൗതിക ചിന്തയോടൊപ്പം ആദ്ധ്യാത്മിക ബോധവും വളർന്നുവരണം.

സമൂഹത്തിന്റെ രക്ഷാകവചമാണ്‌ ധർമ്മനീതി. അതു നഷ്ടപ്പെട്ടാൽ സമൂഹത്തിന്റെ ശക്തി നഷ്ടപ്പെടും. വ്യക്തികളുടെ സമവായമാണ്‌ സമൂഹം എന്നതിനാൽ ആദർശനിഷ്ഠമായ വൈയക്തിക ജീവിതമാണ്‌ സമൂഹത്തിന്റെ സദാചാരബോധം നിർണ്ണയിക്കുന്നത്‌. ആദർശം അധരോപാസനയിൽ മാത്രം ഒത്യ്ങ്ങിക്കഴിയുമ്പോൾ സമൂഹം നിർവ്വീര്യവും അകർമണ്യവുമായി മാറും. ഈ വാസ്തവത്തിലേക്കാണ്‌ ഇവിടെ ആചാര്യൻ വിരൽ ചൂണ്ടുന്നത്‌............................!

No comments:

Post a Comment