Friday, November 12, 2010

ബുധദർശനം
ഇന്ന്‌ പ്രകൃതിദുരന്തങ്ങളുടെ കാലമാണ്‌. അതു മനുഷ്യരുടെ പ്രവൃത്തിദോഷങ്ങൾ കാരണമാണെന്ന്‌ ആരും തന്നെ ഓർക്കാറില്ല. സംസ്ക്കാരത്തിന്റെ വേരുകളെ നിശ്ശേഷം പിഴുതെടുത്താണ്‌` പുതിയ കച്ചവട തന്ത്രങ്ങൾ രൂപീകരിക്കപ്പെടുന്നത്‌. നിലവിലുള്ള പ്രകൃതിയെ തരിശുനിലമാക്കി ഫ്ളാറ്റുകൾ കെട്ടിപ്പടുക്കുന്ന ഈ വേളയിൽ നമുക്കൊന്നു പിന്നിലേക്ക്‌ സഞ്ചരിക്കാം. പണ്ട്‌ പ്രകൃതിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഇന്നു പുതുമ വരുത്തുന്നതിൽ ജാഗരൂകരാണ്‌ ഓരോരുത്തരും.പുതുമ ആവശ്യമാണ്‌ .പക്ഷെ അതു വികൃതമായിരിക്കരുത്‌. കൃത്യമായ അവയവങ്ങളെ ച്ഛേദിച്ച്‌ രൂപഭംഗി വരുത്താനാകുമോ? പ്രകൃതിയുടെ അവയവച്ഛേദനമാണിവിടെ നടന്നുകൊണ്ടിരിക്കുന്നത്‌ . കുറച്ചു പേർ പരിസ്ഥിതി സംരക്ഷണങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും ഏത്രത്തോളം ഫലപ്രദമാകുന്നു എന്നു പരിശോധിക്കേണ്ടതാണ്‌ പ്രകൃതി നശീകരണത്തിൽ ജീവിതം പോലും അന്യമാകുകയും, നഷ്ടപ്പെടുകയും ചെയ്യുന്ന എത്രയോ നിസ്സഹായരായ മനുഷ്യരും ഇവിടെ വസിക്കുന്നുണ്ടെന്ന്‌ ആരും തന്നെ ഓർക്കുന്നില്ല. കുടിവെള്ളത്തിനാവശ്യമായ ബോർവെല്ലുകൾ കുഴിക്കുമ്പോൾ അതു ഭൂമിദേവിക്ക്‌ ഹാനികരമാണെന്നും ചിന്തിക്കുന്നില്ല.പ്രകൃതിയിൽ നിന്നും അകന്ന ജീവിതശൈലി സ്വീകരിക്കുമ്പോഴാണ്‌
` ഭൂകമ്പവും കൊടുംകാറ്റും പ്രളയവുമെല്ലാം സംഭവിക്കുന്നത്‌ പ്രകൃതിയോടുള്ള കടപ്പാട്` മനുഷ്യൻ നിശ്ശേഷം മറക്കുന്നു.
വൃക്ഷാരാധനക്കും സർപ്പാരാധനക്കും ചരിത്രാതീതകാലത്തെ പഴക്കമുണ്ട്‌.അന്ന്‌ പഞ്ചഭൂതങ്ങളേയും ആരാധിച്ചിരുന്നു. പ്രകൃതി നമുക്കു അനുഗ്രഹങ്ങളാണ്‌ ഏറെ തരുന്നത്‌. ഔഷധഗുണമുള്ള മരങ്ങളെ നിർദ്ദയം മുറിച്ചുമാറ്റി മണ്ണിന്റെ ഈർപ്പം വലിച്ചെടുക്കുന്ന മരങ്ങൾ വെച്ചുപിടുപ്പിക്കുന്നതിൽ വ്യഗ്രമാകുന്ന സമൂഹം.മനുഷ്യജീവിതത്തിന്നാവശ്യമായ സകല വിളകളും ഈ ഭൂമി ഉത്പാദിപ്പിക്കുന്നുണ്ട്‌. ഭക്ഷണശൈലിയിൽ പോലും പാശ്ചാത്യരെയാണ്‌ നാമെല്ലാം അവലംബിക്കുന്നത്‌.
ഭൂമി കുഴിച്ചും പാറകൾ പൊട്ടിച്ചും നദികളിലെ മണലൂറ്റിയെടുത്ത്‌ മലീമസമാക്കി ശക്തിയും ഓജസ്സും നശിപ്പിച്ചും `ഭൂമിയെ നിർവീര്യയാക്കുന്നു. വിഷമയമായ വായു ശ്വസിച്ച്‌ മാറരോഗങ്ങളുടേയും ദുരന്തങ്ങളുടെയും വിത്തു വിതക്കുന്നു. അതോടൊപ്പം മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും കൊടുമ്പിരി കൊള്ളുന്നു. ആകാശവും ഭൂമിയും അതിരിട്ടു തിരിച്ചു സ്വന്തമാക്കുവാൻ തത്രപ്പെടുന്നു. ചുരുക്കത്തിൽ പ്രകൃതി ദത്തമായ സകലതിനേയും കൈയ്യടക്കാനും. നശിപ്പിക്കാനുമുള്ള ത്വരയാണ്‌ മനുഷ്യനിൽ ഇന്നു മുന്നിട്ടുനില്ക്കുന്നത്‌. ഈവിധം കൊടും ചെയ്തികളിൽ നിന്നകന്നാൽ മാത്രമേ ശ്രേയസ്സുണ്ടാവുകയുള്ളു. അതിനാൽ പ്രകൃതിയെ സ്നേഹിക്കുക, സംരക്ഷിക്കുക, ആരാധിക്കുക അത്‌ അനുവദിക്കുന്നത്ര വിഭവങ്ങൾ സ്വീകരിക്കുക..........ഇതാവട്ടെ മനുഷ്യരുടെ മനോഭാവം.....!

ബുധദർശനം-
സൂര്യപ്രകാശമേറ്റാൽ താമര വിടരും. അതു പോലെ അറിവു നേടിയാൽ മനസ്സിനു വികാസം ലഭിക്കും.ഈ വികാസത്തിന്റെ ഫലമായി പല ഉത്കൃഷ്ടഗുണങ്ങളും മനുഷ്യമനസ്സിനു വന്നു ചേരുന്നു. സ്നേഹം, ത്യാഗം, ആർദ്രത, സഹനശക്തി,സേവനോത്സുകത എന്നിവയാണവ. .ഇത്തരം ഗുണഗണങ്ങളുണ്ടെങ്കിലെ ശരിയായ സാമൂഹ്യപ്രവർത്തനം സാധ്യമാകു. പക്ഷേ എല്ലാവർക്കും ഈ ഗുണഗണങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരമൊരു മനസ്സാന്നിധ്യം നേടുവാനും എളുപ്പമല്ല. കാരണം ലൗകികവിഷയങ്ങളിൽ ആസക്തമായ മനസ്സിനെ അത്ര വേഗത്തിൽ ആഗ്രഹങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ സാധ്യമല്ല. മറ്റ്‌ ഏതൊരു കഠിനമായ പ്രവൃത്തിയും പോലെ നിരന്തരമായ ഏകാഗ്രതയോടെ സാധന ചെയ്താൽ മാത്രമെ ഇന്ദ്രിയ ബന്ധനം സാധ്യമാകു. ലൗകിക കാര്യങ്ങളിൽ സ്വാധീനം കുറഞ്ഞിരുന്നാൽ മനസ്സ്‌ പ്രബുദ്ധതയിലേക്ക്‌ നയിക്കപ്പെടും. ആ ഒരവസ്ഥയിലേക്ക് എത്തിപ്പെടുമ്പോൾ അന്തർലീനമായ ഒരു ചൈതന്യം പ്രശോഭിതമാകും. ഒരു കുടത്തിനുള്ളിൽ കത്തുന്ന വിളക്ക്‌ ചെറിയ വട്ടത്തിൽ മാത്രമെ പ്രകാശം പരത്തുന്നുള്ളു. ആ വിളക്കു പുറത്തെടുത്തു വെച്ചാൽ വെളിച്ചം ലഭിക്കുന്ന ഇടം ബൃഹത്താകുന്നു. ഈയൊരു അറിവു നേടിയെടുത്തില്ലെങ്കിൽ ലോകം മുഴുവൻ അന്ധകാരമായനുഭവപ്പെടും.


“വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം”
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേൽ അമൃതമയം“

എന്നതാണ്‌ സത്യം. പ്രാർത്ഥിച്ചതുകൊണ്ടു മാത്രം കാര്യമായില്ല. മനസ്സിനുള്ളിലെ തമസ്സിനെ തുടച്ചുമാറ്റാൻ നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.മനസ്സിന്റെ വികാസദശകളെ പണ്ഡിതന്മാർ മൂന്നായി തിരിച്ചിട്ടുണ്ട്‌. ഒന്ന്‌ മനുഷ്യശരീരവും, മൃഗീയമനസ്സുമുള്ളവർ.മാനസികമായ യാതൊരു വികാസവും ലഭിക്കാതെ അധമ വിഷയങ്ങളിൽ വ്യാപരിക്കുകയും, സമൂഹത്തിൽ സദാ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവരാണിവർ.

മനുഷ്യശരീരവും മനുഷ്യമനസ്സും ഉള്ളവരാണ്‌ രണ്ടാമത്തെ കൂട്ടർ. ഇവർ ലൗകിക തത്പരരാണെങ്കിലും ആത്മീയ വികാസം കൂടി ലക്ഷ്യമാക്കുന്നുണ്ട്‌. ആത്മാവിന്റെ ധാർമ്മികോന്മേഷം ഇവരെ പ്രചോദിപ്പിക്കുന്നു

മൂന്നാമത്തെ കൂട്ടർ മനുഷ്യശരീരവും ദേവമനസ്സും ഉള്ളവരാണ്‌. ദേവമനസ്സെന്നാൽ ഉദാത്ത മാനസികഭാവമുള്ളവരെന്നർത്ഥം. .ഇവരാണ്‌ മഹാത്മാക്കൾ. ഇവരുടെ പ്രവൃത്തി ലോകത്തെ ഭൗതിക ദീപ്തമാക്കുന്നു. ശത്രുമിത്രഭേദമില്ലാതെ എല്ലാവരുടേയും പ്രശ്നങ്ങളിൽ ഇടപെട്ട്‌ സമാധാനം കുറിക്കുവാൻ ശ്രമിക്കുന്നു. .ഇവിടെ വലുതെന്നോ ചെറുതെന്നോ ഭേദമില്ല. സമഭാവനയോടെ എല്ലാവരേയും കാണുന്നു. അറിവിന്റെ വെളിച്ചം കൊണ്ട്‌ വികസ്വരമായ മനസ്സിന്നുടമകൾക്കേ ഈയൊരു സവിശേഷതയിലേക്കുയരുവാൻ കഴിയു. ഓരോ മനുഷ്യനുള്ളിലും സൂക്ഷ്മമായ ചൈതന്യം കുടികൊള്ളുന്നുണ്ട്‌. അതു തിരിച്ചറിഞ്ഞ്‌ ലോകത്തിനു ഉപകാരികളായിത്തീർന്നാൽ ദേവമനസ്സിന്നുടമകളായിത്തീരാം. അതായിരിക്കണം ലക്ഷ്യവും . അങ്ങിനെയാകുമ്പോൽ ജീവിതം സാർത്ഥകവും പൂർണ്ണവുമാകുന്നു.

ബുധദർശനം
“മാതൃത്വത്തിന്റെ മഹത്വം” എന്നതിനെക്കുറിച്ച്‌ ഒന്ന്‌ പര്യാലോചിക്കാം ഉത്കൃഷ്ടബന്ധങ്ങൾ എല്ലാം ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ നൂല്പ്പാലത്തിലൂടെയാണ്‌ നാമെല്ലാം ചരിച്ചുകൊണ്ടിരിക്കുന്നത്‌. ഏതു നിമിഷവും പൊട്ടിപ്പോകാവുന്ന ഒരവസ്ഥ. അതുകൊണ്ടു തന്നെ “അമ്മയെ” അറിയാതെ ,മനസ്സിലാക്കാതെ പോകുന്നു ഓരോ വിനാഴികകളും. പെറ്റമ്മയും ജന്മനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമാണെന്ന സൂക്തം ഏവർക്കുമറിയാമല്ലൊ. അതുപോലെത്തന്നെ പ്രാധാന്യമേറിയ മറ്റൊന്നാണ്‌` “മാതൃദേവോ ഭവ” എന്നതും. സർവ്വമാനവഗുണങ്ങളും അമ്മയിൽ സമ്മേളിക്കുന്നു. ത്യാഗത്തിന്റേയും, ക്ഷമയുടേയും, സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും മൂർത്തിമത്‌ഭാവമാണ്‌ അമ്മ. പക്ഷേ ഇത്തരം മഹത്‌ വചനങ്ങളെല്ലാം നമമാത്രമായവശേഷിക്കുന്നു. പരിവർത്തനത്തിന്റെ അനിഷേധ്യതയിൽ പലതും സ്വപ്നസമാനമാകുന്നു. അമ്മയെ തിരിച്ചറിയാനാകാതെ എത്രയോ മക്കൾ അമ്മമാർക്കെതിരെ കുരുതിക്കളങ്ങൾ ഒരുക്കുന്നില്ലേ?
“സ്ത്രീ” ആദരിക്കപ്പേടേണ്ടവളാണെന്ന്‌ പൗരാണികമതങ്ങൾ ഉദ്‌ഘോഷിക്കുമ്പോഴും മറുഭാഗത്ത്‌ അവൾ നിർദ്ദയം പീഡിപ്പിക്കപ്പെടുകയും തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു. അമ്മയെന്നോ സഹോദരിയെന്നോ ഭാര്യയെന്നോ ഭേദമില്ലാതെ മൂല്യങ്ങൾ കാല്ക്കീഴിലിട്ട്‌ ചവുട്ടിയരക്കുന്നു. ഇത്തരം അനീതികൾക്കെതിരെ സമരമുറ കയ്യാളിയ ഒരു മുൻതലമുറ നമുക്കുണ്ടായിരുന്നു. പുരുഷകേന്ദ്രിതമായ ചരിത്രരചനയുടെ തമസ്ക്കരണം കൊണ്ട്‌ വികൃതമാക്കപ്പെട്ട കേരളചരിത്രത്തിലെ ഉജ്ജ്വലമായ സ്ത്രീ​‍ീസമരങ്ങളുടെ കഥ നമുക്കു വിസ്മരിക്കാനാവില്ല. എല്ലാ വിധത്തിലുള്ള അപകടങ്ങളേയും, അതിക്രമങ്ങളേയും നേരിട്ടുകൊണ്ടാണ്‌ സ്ത്രീകൾ തങ്ങളുടെ സമരചരിത്രം നിർമ്മിച്ചിട്ടുള്ളത്‌. അതികഠിനമായ സഞ്ചാരപഥങ്ങളിലൂടെ കടന്നു വന്ന്‌ പുരുഷൻ വ്യാപരിക്കുന്ന മിക്ക മേഖലകളിലും സ്തുത്യർഹമായ സ്ഥാനം കൈവരിച്ച നിരവധി ധീരവനിതകൾ നമ്മുടെ സമൂഹത്തിലുണ്ട്‌. എന്നിരുന്നാലും സ്ത്രീകൾക്കെതിരെ നടമാടുന്ന അധാർമ്മിതകൾക്ക്‌ ഒരു ലോപവുമില്ല. കാരണം “പെണ്ണിന്‌” പണ്ടുമുതലേ സമൂഹം ഒരു ചട്ടക്കൂട്‌ നിർമ്മിച്ചുവെച്ചിട്ടുണ്ട്‌. ഈയൊരു ആയുധം വെച്ച്‌ അവളെ തളച്ചിടാൻ വ്യഗ്രതയ്യേറുന്ന സമൂഹവും. വിശാലവീക്ഷണം എന്നു പറയുമ്പോഴും ചിലതെല്ലാം ഇപ്പോഴും വികലവും സങ്കുചിതവും തന്നെ.

അധികാരം കയ്യാളുന്ന അമ്മമാർ ഒരു വശത്തുണ്ടെങ്കിലും നിരാശ്രരും ഒറ്റപ്പെട്ടവരുമായ എത്രയോ അമ്മമാർ നമുക്കു ചുറ്റുമുണ്ട്‌. ഇവിടെ വർഷങ്ങൾക്കു മുമ്പു നടന്ന ഒരു സംഭവം നിങ്ങളുമായി പങ്കു വെക്കട്ടെ. ഗുരുവായൂർ ദർശനത്തിനു പോയ അവസരത്തിൽ പ്രാർത്ഥിച്ചു നില്ക്കുമ്പോൾ പിന്നിൽ നിന്നും തോളിൽ മെല്ലെ തട്ടി ഒരു ചോദ്യം“മോളേ എന്നേയും കൂടെ കൊണ്ടുപോകുമോ? ചോദ്യം കേട്ട്‌ അവിശ്വാസത്തോടെ തിരിഞ്ഞുനോക്കിയപ്പോൾ കണ്ണുകളിൽ നിരാശയുടെ തിരിനാളവുമായി യാചനാഭാവത്തിൽ വൃദ്ധയായ ഒരമ്മ. കയ്യിൽ ചെറിയൊരു ഭാണ്ഡക്കെട്ടുമായി. ഞാൻ നോക്കിയപ്പോൾ അവർ ചോദ്യമാവർത്തിച്ചു. ഒപ്പം എന്തു ജോലിയും ചെയ്തുകൊള്ളാം എന്നും. സത്യത്തിൽ ഉത്തരം മുട്ടിപ്പോയ ഹൃദയഭേദകമായ നിമിഷങ്ങൾ. യാഥാർത്ഥ്യങ്ങളറിയാതെ തീരുമാനങ്ങളെടുക്കാനായില്ല. ആ ഒരു നിസ്സഹായാവസ്ഥയിൽ അവരുടെ കയ്യിലല്പ്പം പണം നല്കി വേദനയോടെ തിരിഞ്ഞു നടക്കുമ്പോൾ പലരോടും അവരീ ചോദ്യമാവർത്തിക്കുന്നതു കേട്ടു. പലപ്പോഴും ഈ സംഭവം മനസ്സിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരുടെ അമ്മയായിരിക്കും, മക്കളുണ്ടാവില്ലേ അങ്ങിനെ ഒരു പാടു ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കും. ഇങ്ങിനെയുള്ള എത്രയോ അമ്മമാർ ദിനം പ്രതി നമുക്കു ചുറ്റും അലയുന്നുണ്ട്‌. പുക്കിൾക്കൊടി ബന്ധം എന്നേക്കുമായി അറുത്ത്‌ ഒറ്റപ്പെടുന്ന ഈ അമ്മമാരുടെ വിലാപങ്ങൾ നമുക്കു കേൾക്കാതിരിക്കാനാവുമോ? അമ്മയുടെ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നില്ല. അത്‌ ഉദാത്തവും ശ്രേഷ്ഠവുമാണ്‌. ആ കടപ്പാട്‌ ജീവിതത്തിലെത്ര ഉയരങ്ങൾ കീഴടക്കിയാലും കൊടുത്തു തീർക്കാൻ സാധ്യമല്ല. ഫലേച്ഛ കൂടാതെയാണ്‌ ഓരോ അമ്മയും സംരക്ഷണത്തിന്റെ ചിറകിനുള്ളിൽ ഒതുക്കി കാക്കക്കും പരുന്തിനും കൊടുക്കാതെ വാത്സല്യത്തിന്റെ അമൃതൂട്ടി പരിരക്ഷിക്കുന്നത്‌. സ്നേഹത്തിന്റെ തീവ്രതയിലൂടെ അരിഷ്ടതകളനുഭവിച്ച്‌ ഓരോ അമ്മയും കടന്നുപോരുന്നു. സർവ്വഥാ സംപൂജ്യയായ അമ്മയെ ആദരിക്കേണ്ട കടമ സമൂഹം മറക്കാതിരിക്കട്ടെ. സ്വത്വബോധവും ഉൾക്കരുത്തുമുള്ളവർ പ്രതിസന്ധികളുടെ കടമ്പകൾ കരുത്തോടെ മുന്നേറും. എന്നാൽ മുലപ്പാലൂട്ടി വളർത്തിയ മക്കളുടെ സ്നേഹവും കാത്ത്‌ ഈ നീണ്ട ക്യൂവിൽ കാത്തുനിൽപ്പാണ്‌ പല അമ്മമാരും എന്നോർക്കുക. കടലിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ മൗനസ്മിതമാണ്‌` ഓരോ അമ്മയും...............!
Posted by ഇന്ദിരാബാലന്‍ at 11:26 PM 0 comments Links to this post
Friday, October 15, 2010
വിദ്യാധനം സര്‍വധനാല്‍ പ്രധാനം
വിദ്യ നേടുക അഥവാ ജ്ഞാനമാര്‍ജ്ജിക്കുക എന്നതാണ്‌ ഒരു നല്ല മനുഷ്യനായി തീരുവാന്‍ വേണ്ട ഒന്നാമത്തെ ഗുണം. അറിവിണ്റ്റെ അക്ഷരമുറ്റത്ത്‌ കുരുന്നുകള്‍ പിച്ച വെച്ചെത്തുന്ന സരസ്വതീയാമങ്ങളാണ്‌` നവരാത്രിക്കാലം .അതോടൊപ്പം അധര്‍മ്മങ്ങള്‍ക്കെതിരെ ധര്‍മ്മത്തിണ്റ്റെ പോരാട്ടം കൂടിയാണ്‌ . ആദിശക്തിയായ ദുര്‍ഗ്ഗയേയും സരസ്വതിദേവിയേയും പൂജിച്ച്‌ മനസ്സിനേയും ശരീരത്തേയും സംശുദ്ധിയിലേക്കു നയിക്കുന്ന കാലം എന്നും അനുമാനിക്കാം. "പാത്രമറിഞ്ഞ്‌ ദാനം ചെയ്യുക എന്നു പറയുന്നതു പോലെ "വിദ്യ അര്‍ഹിക്കുന്നവന്‌ നല്‍കുക എന്നൊരര്‍ത്ഥവും സാധാരണ ധ്വനിക്കാറുണ്ട്‌. എന്നാല്‍ അതിന്‌ എല്ലാവരേയും പ്രാപ്തരാക്കുകയാണ്‌` വേണ്ടത്‌. അറിവിണ്റ്റെ തലങ്ങള്‍ വ്യത്യസ്തതയാര്‍ന്നവയാണ്‌. അത്‌ ഈ ലോകത്തില്‍ വിശാലമാര്‍ന്നു കിടക്കുന്നു. അറിവ്‌ സ്വായത്തമാക്കുകയാണ്‌ ഓരോരുത്തരും ചെയ്യേണ്ടത്‌. "അക്ഷരം കൂട്ടി വായിക്കനറിയാത്ത ദൈവജ്ഞരല്ലൊ കുട്ടികള്‍ "എന്ന കവി വാക്യത്തിണ്റ്റെ കാലത്ത്‌ കുട്ടികള്‍ക്ക്‌ അടിസ്ഥാനപരമായ വിദ്യ നല്‍കി അറിവിലേക്കെത്തുവാനുള്ള പടികളൊരുക്കുന്നു. വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നതോടൊപ്പം അറിവിണ്റ്റെ തലങ്ങളിലും വ്യതിയാനം സംഭവിക്കുന്നു. ജീവിതത്തിണ്റ്റെ വിവിധാനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ജ്ഞാനത്തിണ്റ്റെ പലജാതി വിത്തുകള്‍ മനുഷ്യമനസ്സുകളിലേക്കെത്തുന്നു. അതവിടെ കിടന്നു മുളപൊട്ടി തളിരില നാമ്പിട്ട്‌ വളര്‍ന്ന്‌ അറിവിണ്റ്റെ ഒരു വടവൃക്ഷമായിത്തീരുന്നു. അതിലുണ്ടാകുന്ന ഫലങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കുമ്പോഴാണ്‌ മനുഷ്യന്‍ ഹൃദയവിശാലതയുള്ളവനാകുന്നത്‌.നേടുന്നത്‌ സ്വയം ഭുജിക്കുകയല്ല അതില്‍ നിന്ന്‌ അല്‍പ്പം സഹജീവികള്‍ക്കു വീതിച്ചു കൊടുക്കുക. അതാണ്‌` മനുഷ്യത്വവും. ജീവിത പ്രയാണം തന്നെ വലിയൊരു അറിവാണ്‌` നമുക്കു നല്‍കുന്നത്‌. സമൂഹജീവിയായ മനുഷ്യന്‍ അറിവിണ്റ്റെ സൂക്ഷ്മ തലങ്ങള്‍ കീഴടക്കണം .അങ്ങിനെയാകുമ്പോള്‍ നിസ്വാര്‍ത്ഥതയുടെ പരമപദത്തിലേക്കെത്തുന്നു. അറിവ്‌ മഹാസാഗരമാണ്‌ അതിലെ മുത്തും പവിഴവും രത്നങ്ങളും നാം തിരിച്ചറിയുമ്പോള്‍ അറിവാകുന്ന സൂര്യന്‍ ഹൃദയാകാശത്തില്‍ ഉജ്ജ്വലശോഭയോടെ ഉദിച്ചുയരുന്നു. ഭാരതമൊട്ടാകെ പല പേരുകളിലായി നവരാത്രി ആഘോഷിക്കുന്നുണ്ടല്ലൊ. ഇതില്‍ ദുര്‍ഗ്ഗാഷ്ടമിയും, മഹാനവമിയും വിജയ ദശമിയും പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ "വിജയം" എന്നത്‌ ജീവിത വിജയം തന്നെയാണ്‌`. വിദ്യയില്‍ക്കൂടി മനുഷ്യന്‍ വളര്‍ന്ന്‌ സമ്പൂര്‍ണ്ണമനുഷ്യനാകണം. വിദ്യാരംഭച്ചടങ്ങില്‍ "ഹരിശ്രീ ഗണപതയേ നമഃ" എന്ന പത്തക്ഷരമാണ്‌` ആദ്യം കുട്ടികളെക്കൊണ്ട്‌ എഴുതിക്കുന്നതും ചൊല്ലിക്കുന്നതും.ഇതിനു ഹരിശ്രീ കുറിക്കുക എന്നു പറയുന്നു. വളരെയേറെ അര്‍ത്ഥവ്യാപ്തിയുള്ള ഒരു ദേവതാസ്തുതിയാണിത്‌. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വീകരിക്കാവുന്ന അതിമഹത്തായ ആശയം ഇതിലടങ്ങിയിരിക്കുന്നു. നാനാര്‍ത്ഥങ്ങളാണ്‌ "ഹരി" ശബ്ദത്തിനുള്ളത്‌ .വിദ്യ ഉപദേശിക്കുന്ന ഗുരുക്കന്‍മാര്‍ സ്വഭാവശുദ്ധിയുള്ളവരും, ജ്ഞാനികളുമായിരിക്കണം. അജ്ഞാനതിമിരാന്ധകാരം അകറ്റുകയാണ്‌ ഗുരുക്കന്‍മാര്‍ നിര്‍വഹിക്കേണ്ടത്‌. അറിവും പ്രയോഗക്ഷമതയും ഒരുപോലെയുള്ള ആചാര്യന്‍മാരാണ്‌ ഇതിനു പ്രാപ്തരായിട്ടുള്ളവര്‍. ഇരുട്ടിനെ അകറ്റുന്നവനാണ്‌ ഗുരുനാഥന്‍. ഗുരുമുഖത്തു നിന്നും ലഭിക്കുന്ന അറിവുകളാണ്‌ ദീപ്തമായ തലമുറയെ വാര്‍ത്തെടുക്കുന്നത്‌. വിദ്യയാകുന്ന ധനം ആരു വിചാരിച്ചാലും അപഹരിക്കാനാവില്ല. എല്ലാ വിധ ഐശ്വര്യങ്ങളും വിദ്യ കൊണ്ട്‌ നേടാം. അതുകൊണ്ടു തന്നെ ഏറ്റവും മഹത്വമാര്‍ന്ന സൂക്തമാണ്‌ "വിദ്യാധനം സര്‍വധനാല്‍ പ്രധാനം "എന്നത്‌.വിദ്യയുടെ സര്‍വതോമുഖമായ മാഹാത്മ്യത്തെ വിളംബരം ചെയ്യുന്ന ഈ വിജയദശമി ദിനത്തിലേക്കു എല്ലാവര്‍ക്കും സുസ്വാഗതം..........
Posted by ഇന്ദിരാബാലന്‍ at 9:30 PM 0 comments Links to this post
Wednesday, October 13, 2010
ബുധദർശനം
അധ്യാപകൻ അഥവാ ആചാര്യൻ എന്ന പദത്തിന്റെ അർത്ഥനിഷ്‌പത്തി എന്തെന്നു നോക്കാം. നാമുപയോഗിക്കുന്ന ഓരോ വാക്കുകൾക്കും അതിന്റേതായ ഗുണഗണങ്ങളും ധർമ്മങ്ങളും ഉണ്ട്‌. ഇന്ന്‌ ആചാര്യ ശബ്ദം സർവ്വസാധാരണമായി ഉപയോഗിക്കുന്നില്ലെങ്കിലും പലരും ആചാര്യന്മാരാണെന്ന ഒരു ഭാവം പരക്കെ കാണപ്പെടുന്നുണ്ട്‌. അർത്ഥമറിഞ്ഞല്ല പൽരും വാക്കുകൾ പ്രയോഗിക്കുന്നത്‌. കേൾക്കുമ്പോൾ ഗാംഭീര്യം ,ഇമ്പം. ഇതൊകെയാണ്‌` ഇന്നുപയോഗിക്കുന്ന പല പേരുകൾക്കും പദങ്ങൾക്കും പിന്നിലുള്ള രസതന്ത്രം.അർത്ഥമറിയ്യേണ്ട ആവശ്യം ആർക്കുമില്ലതാനും.അന്വേഷണത്തിനു വിധേയമാക്കിയാൽ ഓരോ പദങ്ങൾക്കും അതിന്റേതായ ഭാവാർത്ഥസൗന്ദര്യതലങ്ങൾ ഉണ്ടെന്നു കാണാം ഒരാൾക്കു സ്വയം ഭംഗിയായി അഭിനയിക്കുവാൻ കഴിയുന്നു, മറ്റൊരാൾക്ക്‌ അഭിനയം നന്നായി പഠിപ്പിക്കുവാൻ കഴിയുന്നു. ഈ രണ്ടു സിദ്ധിയും ഒരേപോലെ യുള്ള ആൾ ആണ്‌ ആചാര്യശബ്ദത്തിന്‌ അന്വർത്ഥമായിട്ടുള്ള വ്യക്തിയതായത്‌ പ്രയോഗസാമർത്ഥ്യവും പാണ്ഡ്യത്യവും ഒരു പോലെ ഉണ്ടായിരിക്കണം.


ഇന്നത്തെ അവസ്ഥയെ പരിശോധികുമ്പോൾ ഭൂരിപക്ഷം പേരും ആചാര്യന്മാരാണ്‌. ഈ ശബ്ദം ഉപയോഗം കൊണ്ട്‌ മൂല്യശോഷണം സംഭവിച്ചെങ്കിൽ കൂടി മിക്കവരും ആചാര്യന്മാരാവാനുള്ള തത്രപ്പാടിലാണ്‌. ആരോടും ഉപദേശിക്കാനൊ തെറ്റുകൾ ചൂണ്ടിക്കാണിക്കാനോ പാടില്ല.അങ്ങിനെയാകുമ്പോൾ പറഞ്ഞുകൊടുക്കുന്നവർ കുറ്റക്കാരാകുന്നു.ചിലരാകട്ടെ താൻ കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതും മാത്രമാണ്‌ ശരിയെന്ന ബോധത്തിൽ കഴിഞ്ഞുകൂടുന്നു. അവരവരുടെ തെറ്റുകളെ മനസ്സിലാക്കാതെ മറ്റുള്ളവരെ ഉപദേശിച്ചു നടക്കുന്നു.................അങ്ങിനെ നീളുന്നു ലോകത്തിന്റെ അവസ്ഥ. പഴയ ഗുരുകുല വിദ്യാഭ്യാസത്തെക്കുറിച്ചെല്ലാം നാം വളരെ അഭിമാനത്തോടെ സംസാരിക്കും. ആ ഒരവസ്ഥ ഇന്നു അനുവർത്തിക്കുവാൻ കഷ്ടമായിരിക്കും. എന്നിരുന്നാലും നഷ്ടപ്പെടുന്ന ചില നിർധാരിത മൂല്യങ്ങളെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പഴയകാല വിദ്യാഭ്യാസരീതി ജീവിതത്തിലേക്കുള്ള പടികൾ എങ്ങിനെ കയറനമെന്നതിന്റെ ആത്മപാഠങ്ങളായിരുന്നു. സഹിഷ്ണുത, ത്യാഗം, ദയ, സ്നേഹം, കാരുണ്യം ഇത്യാദി സദ്‌ഗുണങ്ങളുടേയെല്ലാം വിളനിലവുമായിരുന്നു. ഇന്നു യാന്ത്രികവും സ്വാർത്ഥപൂരിതവുമായ ഒരു ലോകമാണ്‌` മുന്നിൽ.ഇവിടെ എല്ലാവരും ആത്മാനുരാഗികളാണ്‌. അവനവനുമാത്രമായി എങ്ങിനെ നേട്ടങ്ങൾ കൊയ്തെടുക്കാം എന്നചിന്തയാൽ ബുദ്ധി കെട്ടുപോകുന്ന സ്ഥിതിവിശേഷത്തിലാണ്‌ മിക്കവരും. ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വവികാസം, സ്വഭാവരൂപീകരണം എന്നിവയെല്ലാം പണ്ടത്തെ വിദ്യാഭ്യാസലക്ഷ്യങ്ങളായിരുന്നു. ബ്രഹ്മചര്യം, ബകധ്യാനം, കാകദൃഷ്ടി, അല്പ്പാഹാരം, ശ്വാനനിദ്ര, ജീർണ്ണവസ്ത്രം എന്നിങ്ങിനെയാണ്‌ ആചാര്യന്മാർ ശിഷ്യർക്കു വിധിച്ചിരുന്നത്‌. ഇന്നോ അതിനു നേറെ എതിർ ധ്രുവവും. ഇവിടേയാണ്‌ നമുക്കു നഷ്ടപ്പെടുന്ന മൂല്യങ്ങളെക്കുറിച്ചു നാം ചിന്തിക്കേണ്ടത്‌!.സഹിഷ്ണുത ഇന്നു വിദൂരത്തിലാണ്‌. ജീവിതത്തിന്റെ തേജോമയമായ പല ഘടകങ്ങളും ഇന്നടർന്നു വീണുകൊണ്ടിരിക്കുന്നു. പഴയ ഗുരുവും ശിഷ്യനും തമ്മിൽ ഭാവസാധർമ്മ്യമുണ്ട്‌.
“രവിസന്നിധിമാത്രേണ സൂര്യകാന്തപ്രകാശയേൽ
ഗുരു സന്നിധി മാത്രേണ ശിഷ്യജ്ഞാനം പ്രകാശയേൽ”

എന്ന പ്രസിദ്ധമായ ചൊല്ല്‌ ഗുരുവിന്റെ കഴിവിനെയാണ്‌ എടുത്തുകാണിക്കുന്നത്‌. ആദിത്യസാന്നിധ്യം കൊണ്ട്‌ സൂര്യകാന്തം പ്രകാശിക്കും,ഗുരു സാന്നിധ്യം കൊണ്ട്‌ ശിഷ്യജ്ഞാനം പ്രകാശിക്കും.അറിവില്ലാത്തവന്റെ വിദ്യ നിഷ്‌ഫലമാണ്‌. സുകൃതപ്രാപ്തികൊണ്ട്‌ വിദ്യ മഹത്വമാർജ്ജിക്കുന്നു. .സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരു പോലെ പ്രഗത്ഭമതിയായ ഒരു ഗുരുവിന്റെ കീഴിലുള്ള ശിക്ഷണം “ദേവൻ ദിനേശൻ തൊടുമ്പോൾ തമിസ്രമാം രാവും വെളിച്ചം വിതറും പ്രഭാതമാം” എന്ന ഫലത്തെ ഉളവാക്കുന്നു
Posted by ഇന്ദിരാബാലന്‍ at 2:52 AM 0 comments Links to this post
Thursday, September 30, 2010
ബുധദര്‍ശനം 1
മനുഷ്യജീവിതത്തില്‍ പ്രതിസന്ധികളേറെയാണ്‌. ബുദ്ധിമുട്ടുകളില്‍ തളരാതെ മുന്നോട്ടു പോകുന്നവരെപ്പോലെ തളര്‍ന്ന്‌ പിറകോട്ടു വലിയുന്നവരേയും നാം നിത്യേനയെന്നോണം കണ്ടുമുട്ടുന്നു. നാം നേരിടുന്ന വിഷമതകളാണ്‌ നമുക്കു പലപ്പോഴും മുന്നോട്ടു ശക്തി പകരുന്നതെന്ന വാസ്തവം പലരും ഓര്‍ക്കാറില്ല. അലസമായി പാഴാക്കാനുള്ളതല്ല മനുഷ്യജന്‍മം എന്ന സത്യം എല്ലാവരുമറിഞ്ഞിരിക്കണം. ഓരോ നിമിഷവും കര്‍മ്മനിരതായിരിക്കുവാന്‍ ശ്രദ്ധിക്കുക. അപ്പോള്‍ ഏതു പ്രതികൂലാവസ്ഥയിലും തളരാതെ മുന്നിലേക്കു നടക്കാന്‍ കഴിയും. കൂരൊരുട്ടില്‍ നക്ഷത്രങ്ങളുടെ നേരിയ പ്രകാശമുണ്ട്‌. മഹാസാഗരത്തില്‍ അങ്ങിങ്ങ്‌ ചെറിയ ദ്വീപുകളുണ്ട്‌. ഇതുപോലെ ഏതു മഹാവിപത്തിലും നമുക്ക്‌ ആശ്വാസം പകരുന്ന എന്തെങ്കിലുമൊന്നുണ്ടാകും.ഇരുട്ടിലൂടെ യാത്ര ചെയ്യുന്ന ഒരാളിന്‌ നക്ഷത്രത്തിണ്റ്റെ വെളിച്ചം അതെത്ര ചെറുതാണെങ്കിലും അങ്ങേയറ്റം ആശ്വാസം പകരുന്നതാണല്ലൊ. അതു പോലെ കര കാണാത്ത സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ഒരാളിന്‌ ഇടക്കു കാണപ്പെടുന്ന ദ്വീപുകള്‍ മനസ്സിനു വെളിച്ചമേകുന്നു.ലോകജീവിതം സുഖദുഃഖസമ്മിശ്രമാണല്ലൊ. ഒരു നാണയത്തിണ്റ്റെ ഇരുവശങ്ങളെന്നപോലെ .എല്ലാറ്റിനും രണ്ടു വശങ്ങളുണ്ടെന്നു മനസ്സിലാക്കേണ്ടതാണ്‌.ഇവ രണ്ടിലും ചലിക്കാത്ത മനസ്സിനെ നേടിയെടുക്കുക. സുഖം വരുമ്പോള്‍ മതി മറക്കാത്ത മനുഷ്യന്‌ ദുഃഖം വരുമ്പ്പോഴും ആശ്വാസത്തിനു വകയുണ്ടാവും. നാളെയെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളുമാണല്ലൊ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്‌. ആ ഒരു പ്രത്യാശയാണ്‌` ജീവിതത്തെ സ്നേഹിക്കുവാനും ഗൌരവപൂര്‍വം സമീപിക്കാനും നമുക്കു പ്രചോദനമാകുന്നത്‌.ദോഷൈകദൃക്കുകള്‍ക്ക്‌ ജീവിത കാമന ഒരു പ്രഹേളിക മാത്രമാകുന്നു. ഈ നൈരാശ്യം ഒരു പക്ഷേ ജീവിത നിഷേധം വരെ ചെന്നെത്തി നില്‍ക്കും. സമാധാനത്തിന്‌ വകയില്ലെന്നോ, അഥവാ ആശ്വാസപ്രദമാണെങ്കിലും അതു ശാശ്വതമാവില്ലെന്നൊ ഉള്ള ചിന്താഗതി ജീവിതത്തിണ്റ്റെ ആരോഗ്യകരമായ വികാസത്തിന്‌ ഒരിക്കലും സഹായകരമല്ല തന്നെ. ഏതവസ്ഥയിലും ശുഭചിന്തയുള്ളവരായിരിക്കുകയെന്നതാണ്‌ മുഖ്യം. ജീവിതത്തിന്‌ പുതിയ മാനങ്ങളും അര്‍ത്ഥങ്ങളും മൂല്യ്ബോധവുമുളവാകാന്‍ ഈ ചിന്താഗതി വളരെയധികം സഹായിക്കും. ഏതു മരുഭൂമിയിലും ഒരു ശാദ്വലമുണ്ടാകും, ഏതു പാറയിടുക്കിലും ഒരു നീരുറവയും കാണാം. ഈ ശുഭ ചിന്ത മനസ്സിനു സ്വാസ്ഥ്യം നല്‍കുകയും ചെയ്യും........

No comments:

Post a Comment